14-June-2023 -
By. health desk
തിരുവനന്തപുരം: നെഞ്ചറ വരെ വ്യാപിച്ചിരുന്ന ഡംബെല്‍ ആകൃതിയിലുള്ള സ്പൈനല്‍ ട്യൂമര്‍ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കിംസ്ഹെല്‍ത്ത് തിരുവനന്തപുരം. ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആറിന്റെ നേതൃത്വത്തില്‍ മിനിമലി ഇന്‍വേസീവ് എക്സിഷന്‍ ഓഫ് സ്പൈനല്‍ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെയാണ് 32 കാരന്റെ നട്ടെല്ലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തത്. 1.8 രാ മാത്രം വ്യാസമുള്ള മുറിവിലൂടെ പ്രത്യേകം തയാറാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു നാല് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയ. വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ നട്ടെല്ലില്‍ നിന്ന് ട്യൂമര്‍ ഡംബെല്‍ ആകൃതിയില്‍ നെഞ്ചറയിലേക്ക് വ്യാപിക്കുന്നത്. കഴുത്തിലും വലതു കൈയിലും നെഞ്ചിന്റെ വലതുഭാഗത്തും കടുത്ത വേദനയുമായെത്തിയ രോഗിയില്‍ നടത്തിയ എം.ആര്.ഐ പരിശോധനയില്‍ നട്ടെല്ലില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു.
സാധാരണയായി നട്ടെല്ലിലെ ഇത്തരം ട്യൂമറുകള്‍ നീക്കം ചെയ്യുന്നതിനായി നെഞ്ചറയും നട്ടെല്ലും തുറന്നുള്ള സങ്കീര്‍ണ്ണ പ്രൊസീജിയര്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഒരു ചെറിയ മുറിവ് മാത്രമുണ്ടാക്കി കീഹോള്‍ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്.സമാനരീതിയില്‍ നെഞ്ചറയിലേക്ക് ഡംബല്‍ ആകൃതിയില്‍ വ്യാപിക്കുന്ന ട്യൂമര്‍ രോഗിയുടെ ജീവന് തന്നെ അപകടത്തിലാക്കുന്നതാണ്. ട്യൂമര്‍ വളരുന്നതനുസരിച്ച് കാലിന്റെ ചലനശേഷി നഷ്ടപ്പെടുകയും, നെഞ്ചിലെ രക്തക്കുഴലുകള്‍ നശിക്കാനുള്ള സാധ്യതയും കൂടുമെന്ന് ഇത്തരം കേസുകളുടെ അപൂര്‍വ്വതയും സങ്കീര്‍ണ്ണതയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഡോ. ആര് അജിത് പറഞ്ഞു.
പരമ്പരാഗത രീതിയിലുള്ള ഓപ്പണ്‍ സര്‍ജറിയാണ് ചെയ്തിരുന്നതെങ്കില്‍ രോഗി രണ്ട് ആഴ്ച്ച വരെ ആശുപത്രിയില്‍ തുടരേണ്ടതും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും കൂടിയ അളവില്‍ വേദന സംഹാരികള്‍ കഴിക്കേണ്ടതുമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. കീഹോള്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചു.ന്യൂറോ സര്‍ജറി കണ്‍സള്‍ട്ടന്റുമാരായ ഡോ. അബു മദന്‍, ഡോ. നവാസ് എന്‍.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തറ്റിസ്റ്റ് ഡോ. സുശാന്ത് ബി എന്നിവരും കീഹോള്‍ ശസ്ത്രക്രിയയുടെ ഭാഗമായി.